കുറച്ച് നാളായി മലേഷ്യൻ യാത്രയെ മനസ്സിലിട്ട് താലോലിക്കാൻ തുടങ്ങിയിട്ട്, ചെറുപ്പത്തിൽ വായിച്ച CHൻ്റെ "എൻ്റെ മലേഷ്യൻ യാത്ര" SKപൊറ്റെക്കാടിൻ്റെ "മലായി നാട്ടിൽ" എന്നീ പുസ്തകങ്ങൾ വീണ്ടു വായിക്കാൻ ഇടവന്നപ്പോൾ പോകുന്ന കാര്യം ഉറപ്പിച്ചു. വേറൊന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വിദേശ യാത്ര പോകണമെങ്കിൽ മലേഷ്യക്ക് തന്നെ പോകലായിരിക്കും നല്ലത് എന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചിരിക്കുമ്പോഴാണ് ഹനീഫ് UTS Holidaysൻ്റെ പരസ്യം എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു, UTS പ്രതിനിധി സുനീഷിനെ വിളിച്ച് അഞ്ച് സീറ്റ് ബുക്ക് ചെയ്തു. അപ്പോഴാണ് എൻ്റെ പാസ്പോർട്ടിന് ആറ് മാസത്തെ കാലാവധി ഇല്ല എന്ന് മനസ്സിലായത്. ഉടൻ തന്നെ അത് പുതുക്കി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യ മനോഹരമായ ദ്വീപുകൾ, ആഡംബര റിസോർട്ടുകൾ, കൊളോണിയൽ പട്ടണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സന്ദർശകർക്ക് ധാരാളംവിനോദാവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിൻ്റെ ഒരു വശം തിരക്കേറിയ നഗരങ്ങൾ, ആധുനിക പട്ടണങ്ങൾ, കൊളോണിയൽ കെട്ടിടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഉപദ്വീപ് പ്രദേശമാണെങ്കിലും; മറ്റൊന്ന് കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു. ഞങ്ങൾ സന്ദർശിച്ചത് മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലാലംമ്പൂരും സമീപ പ്രദേശങ്ങളിലും ആയിരുന്നു. മലേഷ്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായ ക്വാലാലംപൂറിൻ്റെ രാത്രി ജീവിതം പ്രശസ്തമാണ്. മലായ്, ഇന്ത്യൻ, ചൈനീസ്, തായ്, അറേബ്യൻ എന്നിവയുടെ മികച്ച മിശ്രിതമായ തെരുവ് ഭക്ഷണങ്ങൾക്ക് ഇത് പ്രശസ്തമാണ്. പെട്രോനാസ് ടവേഴ്സ്, ബട്ടു ഗുഹകൾ, അക്വേറിയ കെഎൽസിസി, മെനാറ ക്വാലാലംപൂർ, Martyrs square, Independence Square, ജൻൻ്റിങ്ങ് ഹൈലാൻ്റ്സും കാസിനോകൾ അവിടേക്കുള്ള കേബിൾ കാർ യാത്ര, ക്വാലാലംപൂരിലെ ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, ഫുഡ് സ്ട്രീറ്റ്, ചൈന മാർക്കറ്റ്, ചൈന ടെംപിൾ, പുത്രജയ സന്ദർശനം എന്നിവയായിരു സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ.
മേയ് ഒന്നിന് രാത്രി 11.35 ന് പുറപ്പെടേണ്ട എയർ ഏഷ്യ വിമാനം ഒരു മണിക്കൂർ വൈകി മേയ് രണ്ടിന് രാവിലെ 12.30 ന് ഞങ്ങളേയും കൊണ്ട് കൊച്ചിയിൽ നിന്ന് ക്വാലാലംബൂരിലേക്ക് പുറപ്പെട്ടു. രാവിലെ 7.30 ന് അവിടെ എത്തിയെങ്കിലും, ഇമിഗ്രേഷൻ പരിപാടി എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം 9.30 ആയി. ഞങ്ങളുടെ ഗ്രൂപ്പിൽ, കണ്ണൂർ, ഒറ്റപ്പാലം, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ നിന്നുള്ള 23 പേരായിരുന്നെങ്കിലും, കണ്ണുർ നിന്ന് വന്ന അഞ്ച് പേരിൽ ഒരാൾക്ക് പെട്ടെന്ന് നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നതിനാൽ രണ്ട് പേർ യാത്ര റദ്ദാക്കി. ഞങ്ങൾ തമ്മിൽ നേരത്തെ കാണുകയൊ, പരിചയമൊ ഇല്ലാഞ്ഞിട്ടും ഈ സംഭവം ഗ്രൂപ്പിൽ ആകെ ഒരു മ്ലാനത വരുത്തി.
പുറത്ത് ഞങ്ങളെ കാത്ത് ഞങ്ങൾക്കുള്ള ബസ്സും, ഗൈഡും ഉണ്ടായിരുന്നു. എത്താൻ താമസിച്ചതിനാലും എല്ലാവർക്കും യാത്രാക്ഷീണമുള്ളതിനാലും നേരെ ഹോട്ടലിലേക്ക് പോകാം എന്ന് തീരുമാനിച്ചു. നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ച് കുറച്ച് നേരം വിശ്രമിക്കാൻ സാധിച്ചു. Ibis Styles Kaulalambur എന്ന 3 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു താമസം. 10-ാം നിലയിൽ നല്ല സൗകര്യമുള്ള മുറികൾ ആണ് കിട്ടിയത്.
ഞങ്ങളുടെ ഗൈഡ് മാലതി എന്ന മാല, ഇന്ത്യയിൽ നിന്ന് കുടിയേറി പാർത്ത കുടുംബത്തിലെ മൂന്നാം തലമുറയാണ്. നന്നായി ഇംഗ്ലീഷിൽ പറയുമെങ്കിലും, ഇടക്കിടക്ക് ഒരു തമഴ് ചുവ അതിൽ കടന്ന് വരും. മലേഷ്യൻ ചരിത്രം പറഞ്ഞ് തുടങ്ങിയാൽ നൂറ് നാവാണ് മാലതിക്ക്. മലേഷ്യൻ മുൻ പ്രസിഡൻ്റ് മഹാത്തീർ ഇബ്രാഹിമിൻ്റെ ഒരു ആരാധികയാണ് മാല!
ബ്രേക്ക് ഫാസ്റ്റ് വൈകി കഴിച്ചത് കൊണ്ട് ലഞ്ചിന് 2.30ന് പോകാം എന്ന് തീരുമാനിച്ചതിനാൽ ഗൈഡ് മാല 2.20ന് ഹോട്ടലിൽ വന്നപ്പോൾ ഞങ്ങൾ എല്ലാവരും റെഡിയായി ലോബിയിൽ ഉണ്ടായിരുന്നു. എല്ലാവരും ബസ്സിൽ കയറിയാൽ പുറപ്പെടുന്നതിന് മുൻപ് സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് ഗൈഡ് ഒരു ചെറു വിവരണം തരും. എല്ലാവർക്കും വിശപ്പ് തുടങ്ങിയിരുന്നു. അതിനാൽ ആദ്യം ലഞ്ച് കഴിക്കാം എന്ന് തീരുമാനിച്ച് "One-Two, One-Two" എന്ന റെസ്റ്റോറൻ്റിലേക്ക് പോയി. നല്ല വൃത്തിയുള്ള ഒന്നായിരുന്നു. നല്ല തിരക്കായിരുന്നെങ്കിലും, നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ ഞങ്ങൾക്ക് വേണ്ട ടേബിൽ അവിടെ റെഡിയായിരുന്നു. ഹൈദരാബാദി/പാക്കിസ്ഥാനി ഭക്ഷണം ബുഫേ ആയാണ് ഒരുക്കിയിരുന്നത്. ചിക്കനും, തന്തൂരിയും, പറോട്ടയും, ബിരിയാണി ചോറും, സ്പ്രൈറ്റും, ഫ്രൂട്ട് സലാഡും എല്ലാം ആയി ഭക്ഷണം നല്ലതായിരുന്നു. പനീർ പാലക്കും, ബൈഗൻ മസാലയും മറ്റുമായി വെജിറ്റേറിയൻകാർക്കും ലഞ്ച് വിഭവസമൃതമായിരുന്നു.
ലഞ്ചിന് ശേഷം ഞങ്ങൾ ചൈന മാർക്കറ്റിൽ കറങ്ങാൻ പോയി. റോഡ് എല്ലാം നല്ല തിരക്കായിരുന്നു. ഈ തെരുവ് നിറയെ വിലകുറഞ്ഞ ചൈനീസ് സാധനങ്ങൾ വിൽക്കുന്ന കടകളാണ്. ബാഗുകൾ, തൊപ്പികൾ, ബെൽറ്റുകൾ, ടീ-ഷർട്ടുകൾ എന്നിവ കൂടാതെ സുവനീറുകൾ വാങ്ങുന്നതിനുള്ള നല്ലൊരു സ്ഥലമാണിത്. പഴക്കടകളിൽ ധാരാളം വിദേശ പഴങ്ങൾ ഉണ്ട്. മലേഷ്യൻ പഴമായ ദുരിയാൻ എല്ലായിടത്തുമുണ്ട്. നമ്മുടെ ചക്കമാതിരിയുള്ളതാണ് ദുരിയാൻ. ഒന്ന് പൊളിച്ചാൽ 5 - 6 ചുളകളേ കാണു. വില കിലോക്ക് 25 മുതൽ 40 റിഗ്ഗറ്റ് വരെയാണ്. മണം കേട്ടാൽ കഴിക്കാൻ തോന്നില്ല, ടേസ്റ്റ് നമ്മൾക്ക് ഇഷ്ടപ്പെടില്ല എന്ന് മലയാളിയായ കടക്കാരൻ പറഞ്ഞതിനാൽ അത് കഴിച്ചില്ല. അതിൻ്റെ dried fruit ഒരു പായ്ക്കറ്റ് വാങ്ങിച്ചു, ടേസ്റ്റ് അറിയാൻ. പ്രാദേശികമായി ഉണ്ടാക്കിയ മിഠായി മാത്രം വിൽക്കുന്ന കടകൾ ഇവിടെ ധാരാളം ഉണ്ട്. ഞങ്ങൾ കുറച്ച് മിഠായികൾ അവിടെ നിന്ന് വാങ്ങി. എന്തും വില കുറഞ്ഞ് വാങ്ങണമെങ്കിൽ നിങ്ങൾക്ക് വില പേശി വാങ്ങാനുള്ള കഴിവുണ്ടാകണം.
അവിടെ നിന്ന് സെൻട്രൽ മാർക്കറ്റിലേക്ക് പോയി. നടന്ന് പോകാനുള്ള ദൂരമുള്ളു. ബ്രിട്ടീഷുകാർ 1888 ൽ നിർമ്മിച്ചതാണ് യഥാർത്ഥ കെട്ടിടം. 1970-കളിലെ ക്വാലാലംപൂർ വികസനത്തിൻ്റെ ഭാഗമായി സൈറ്റ് പൊളിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മലേഷ്യൻ ഹെറിറ്റേജ് സൊസൈറ്റിയുടെ ഇടപെടൽ കാരണം ഈ സ്ഥലം ഒരു 'പൈതൃക സൈറ്റായി' പ്രഖ്യാപിക്കപ്പെട്ടു. നവീകരിച്ചതിന് ശേഷം ഇതിൽ ഏകദേശം 350 സ്റ്റാളുകൾ ഉണ്ട്. അധികവും Malaysian products ആണ് ഇവിടെയുള്ളത്. മലേഷ്യയിലെ മൂന്ന് വിഭാഗങ്ങളെ highlight ചെയ്ത് കൊണ്ട് മാർക്കറ്റ്, ലോറോങ്ങ് മലായ് ലോറോങ്ങ് ചീന, ലോറേങ്ങ് ഇൻഡ്യ, എന്നിങ്ങനെ മൂന്ന് സോൺ ആയി തിരിച്ചിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുടെ ഒരു കൂടിച്ചേരൽ ഈ മാർക്കറ്റിൽ കാണാം. ഞങ്ങൾ സെൻടൽ മാർക്കറ്റിൽ നിൽക്കുമ്പോൾ തരക്കേടില്ലാത്ത മഴ പെയ്തു. മലേഷ്യയിൽ എല്ലാ ദിവസവും, രാവിലെ അല്ലെങ്കിൽ വൈകുന്നേരം ഒരു മഴ ഉണ്ട്. അതിനാൽ, വെയിൽ ഉണ്ടെങ്കിലും, ചൂട് കുറവാണ്. ഞങ്ങളുടെ യാത്രയിൽ മഴ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. സഞ്ചാരികൾ ഒരു കുട കയ്യിൽ കരുതുന്നതു് നല്ലതാണ് എന്ന് ഗൈഡ് പറഞ്ഞു. ഇവിടെ തട്ട് കടയിൽ നിന്ന് ഒരോ ചായ കുടിച്ച് ഞങ്ങൾ ഫുഡ് സ്ട്രീറ്റിലേക്ക് നീങ്ങി.
ഫുഡ് സ്ട്രീറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു അത്ഭുത ലോകമാണ്. മലായ്, ഇന്ത്യൻ, ചൈനീസ്, തായ്, അറേബ്യൻ എന്നീ വിവിധ ഭക്ഷണങ്ങളുടെ ഒരു കലവറ തന്നെയാണ് ക്വാലാലംബൂർ സ്ട്രീറ്റ് ഫുഡ്. ഞങ്ങൾ ചെന്നപ്പോൾ തിരക്കായിട്ടില്ലായിരുന്നു. സ്ട്രീറ്റിലെ മിക്ക ടേബിളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഞങ്ങൾ ഒന്ന് കറങ്ങി തിരിച്ച് വന്നപ്പോൾ ടേബിളും സ്ട്രീറ്റും നിറഞ്ഞ് കവിഞ്ഞു. മസാല തേച്ച കൂന്തളും, ചെമ്മീനും, മീൻ കഷണങ്ങളും, പേരറിയാത്ത ഒരുപാട് സാധനങ്ങൾ നിരത്തിവെച്ച ഈ തെരുവ് ഒരു അത്ഭുതം തന്നെ ആണ്. ഞങ്ങളുടെ ഡിന്നർ ഈ തെരുവ് തുടങ്ങുന്നിടത്തുള്ള ഒരു തിരൂർക്കാരൻ നടത്തുന്ന "ദഅ് വ" റെസ്റ്റോറൻ്റിലായിരുന്നു. ഞങ്ങൾ ഫുഡ് സ്ട്രീറ്റിൽ നടക്കുമ്പോൾ ഒരാൾ വന്ന് സലാം പറഞ്ഞ് പരിചയപ്പെട്ടു. കൂടെയുള്ള സാരിയുടുത്ത് മഫ്ത്ത കെട്ടിയവരെ കണ്ടപ്പോൾ മലയാളികൾ ആണെന്ന് മനസ്സിലായത് കൊണ്ട് സലാം ചൊല്ലിയത് എന്നും, ഇവിടെ ബിസിനസ്സ് ആണെന്നും പറഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ "ദഅ് വ" യിൽ ചെന്നപ്പോഴല്ലെ ഫുഡ് സ്ട്രീറ്റിൽ പരിചയപ്പെട്ട ആളുടെയാണ് ഇത് എന്ന് മനസ്സിലായത്. അതിനാൽ നല്ല സ്വീകരണമാണ് ലഭിച്ചത്. നല്ല ഒരു ബുഫേ ഡിന്നർ കഴിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. ക്ഷീണം ഉണ്ടായിരുന്നതിനാൽ ഒമ്പത് മണിയോടെ, പിറ്റേ ദിവസം ഉണരാനുള്ള അലാറം വെക്കാതെ കിടന്നുറങ്ങി.
തലേ ദിവസത്തെ യാത്രാക്ഷീണം കൊണ്ട് നന്നായി ഉറങ്ങിയതിനാലും, അലാറം വെക്കാഞ്ഞതിനാലും രാവിലെ സുബഹ് ബാങ്ക് (പ്രഭാത പ്രാർത്ഥനക്കുള്ള വിളി) കേട്ടാണ് ഉണർന്നത്. എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾക്കും നമസ്കാരത്തിനും ശേഷം പുറം ലോകം കാണാൻ ഒന്ന് പുറത്തിറങ്ങി. ബാങ്ക് കേട്ടെങ്കിലും റോഡ് ക്രോസ് ചെയ്തു കുറച്ച് ദൂരം പോകണം പള്ളിയിലേക്ക് എന്ന് പറഞ്ഞതിനാൽ രാവിലെ പള്ളിയിൽ പോകാം എന്ന് വിചാരിച്ചത് നടന്നില്ല. ഹോട്ടലിലെ മുറികളിൽ ഖിബല(നമസ്കാരത്തിന് തിരിഞ്ഞ് നിൽക്കേണ്ട ഡൈറക്‌ഷൻ) അടയാളപ്പെടുത്തിയിരുന്നത് സഹായകരമായി. ബ്രേക്ക് ഫാസ്റ്റ് ഏഴ് മണിക്ക് തുടങ്ങും എന്നതിനാൽ ഞങ്ങൾ എട്ട് മണിക്ക് ബ്രേക്ക് ഫാസ്റ്റിന് പോകാൻ ഹോട്ടലിലേക്ക് മടങ്ങി.
രണ്ടാമത്തെ ദിവസത്തെ കറക്കത്തിന് രാവിലെ 9.45 ന് പോകും എന്നതിനാൽ 9.35 ന് ഞങ്ങൾ ഹോട്ടൽ ലോബിയിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോൾ ഗൈഡ് മാലയും ബസ്സും എത്തി ഞങ്ങളുടെ യാത്ര തുടങ്ങി. ഗൈഡ് പതിവ് പോലെ മലേഷ്യൻ ചരിത്രവും, പോകാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം തന്നു. അന്നത്തെ ഞങ്ങളുടെ ലക്ഷ്യം കേബിൾകാർ യാത്ര, ചിൻ സ്വീ ടെംപിൾ, ജെൻ്റിങ്ങ് ഹൈലാൻ്റ്, ബാത്തു ഗുഹകൾ, പെട്രോണാസ് ട്വിൻ ടവർ എന്നിവയായിരുന്നു.
ഞങ്ങൾ ആദ്യം പോകുന്നത് ജന്റിങ് ഹൈലാൻഡ്‌സിലേക്കാണ്. മലേഷ്യൻ യാത്രയിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്നു അത്. കുലാലുംപുർ നിന്നും ഏകദേശം 58 km അകലെ ആണ് ജന്റിങ് ഹൈലാൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗം മലമുകളിലേക്ക് എത്തിച്ചേരാമെങ്കിലും കേബിൾകാറുകൾ ആണ് അവിടുത്തെ പ്രധാന ആകർഷണീയത. സഞ്ചാരികൾ മുതൽ പ്രദേശവാസികൾ വരെ ഈ കേബിൾകാറുകളെ ആശ്രയിച്ചു പോരുന്നു. ഇതിനെ അവാന സ്കൈവേ എന്നും അറിയപ്പെടുന്നു, മലേഷ്യയിലെ പഹാങ്ങിലെ ജെന്റിങ് ഹൈലാൻഡിലുള്ള അവാന ട്രാൻസ്‌പോർട്ട് ഹബ്, ചിൻ സ്വീ ടെംപിൾ, സ്കൈഅവന്യൂ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ഗൊണ്ടോള ലിഫ്റ്റ് സംവിധാനമാണ്.
അവാന സ്റ്റേഷനിലേക്ക് ഞങ്ങളുടെ ബസ്സ് പുറപ്പെട്ടു. കുലാലംബൂരിൽ നിന്ന് ഏകദേശം 25-30 കിലോമീറ്റർ കാടും, ഹൈറേഞ്ചും പിന്നിട്ടാലാണ് അവാന കേബിൾകാർ സ്റ്റേഷനിലെത്തുക.
മൂന്നര കിലോമീറ്ററുള്ള അവാന സ്കൈവേയിൽ രണ്ട് സ്റ്റേഷനുകൾ ഉൾപ്പെടുന്നു, ഗോഹ്‌ടോംഗ് ജയയിലെ ലോവർ സ്റ്റേഷനും ജെൻ്റിംഗ് ഹൈലാൻഡ്‌സിൻ്റെ കൊടുമുടിയിലുള്ള അപ്പർ സ്റ്റേഷനും. കുന്നിൻ മുകളിൽ, സന്ദർശകർക്ക് ലോകത്തിലെ ഏറ്റവും വലിയ കാസിനോയും, അവന്യൂ ഷോപ്പിംഗ് മാളും അതിലെ വിശാലമായ ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ എന്നീ ആകർഷണങ്ങൾ ഉണ്ട്. ഒരു മണിക്കൂറിൽ 2000 ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഇത് ഒരു സെക്കൻ്റിൽ ആറ് മീറ്റർ നീങ്ങും, അതായത് 21.6km/h സ്പീട്.
ഞങ്ങൾക്ക് വേണ്ടി ഗൈഡ് മാല എടുത്തിരുന്ന ടിക്കറ്റ് സ്കാൻ ചെയ്ത്, സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് കേബിൾ കാറിനായുള്ള ക്യുവിൽ പോയി നിന്നു. നിരവധി ആളുകൾ, നിരവധി സംസ്കാരങ്ങൾ, നിരവധി ഭാഷകൾ….... ഒരു നിമിഷം ലോകം എത്ര ചെറുതാണെന്ന് തോന്നി. രണ്ടു കയറുകൾക്കിടയിൽ തൂങ്ങിയാടുന്ന പെട്ടികൾ വന്നു പൊയ്ക്കൊണ്ടിരുന്നു. വരി പെട്ടെന്ന് തന്നെ മുന്നോട്ട് പോയി. ഞങ്ങളുടെ ഊഴമെത്തി. ചുരുങ്ങിയത് 6 പേരെയെങ്കിലും ഒരു കേബിൾ കാറിൽ കയറ്റിയിരുന്നു. ഞങ്ങൾ ഗ്രൂപ്പിലുള്ളവർ എല്ലാം ഒന്നിച്ച് ഓരോന്നിലും കയറാൻ ശ്രദ്ധിച്ചിരുന്നു. മലമ്പുഴയിലെ റോപ് വേ കണ്ടിട്ടുണ്ടെങ്കിലും കേബിൾ കാർ ഒരു അത്ഭുതമായി തോന്നി.
ദശ ലക്ഷങ്ങൾ പഴക്കമുള്ള മഴക്കാടിന് മുകളിലൂടെയാണ് ഞങ്ങൾ കേബിൾ കാറിൽ യാത്ര ചെയ്തിരുന്നത്. വന നശീകരണത്തിന്റെയും ആഗോള താപനത്തിന്റെയും ഈ കാലത്ത് ആരാലും അലോസരപ്പെടുത്താതെ വന നിബിഡമായ ഒരു പ്രദേശം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി നിലനിർത്തുന്നതിൽ മലേഷ്യക്കാർ വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. മുകളിലേക്കു പോകുംതോറും തണുപ്പ് കൂടിക്കൂടി വന്നു. ദൂരെ നിന്ന് തന്നെ ഞങ്ങൾ കണ്ട ബുദ്ധ ടെംപിളും പഗോഡയും ഞങ്ങളുടെ അടുത്ത് എത്തി. ചിൻ സ്വീ ടെംപിൾ സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. 8 എസ്കലേറ്ററിൽ കൂടി താഴേക്ക് പോന്നു.
മലേഷ്യയിലെ പഹാങ്ങിലെ ജെന്റിങ് ഹൈലാൻഡിൽ സമുദ്രനിരപ്പിൽ നിന്നും 4600 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലം ചിങ് സ്വീ കേവ് ടെംപിൾ (Ching Swee Cave temple ) എന്നാണ് അറിയപ്പെടുന്നത്. ജെന്റിംഗ് ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച ലിം ഗോ ടോങ് സംഭാവന ചെയ്ത 28 ഏക്കർ പാറക്കെട്ടുകളുള്ള വനഭൂമിയിൽ, ജെന്റിംഗ് ഹൈലാൻഡ്‌സിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ്, ഇത് സ്ഥിതിചെയ്യുന്നത്. ഫുജിയൻ പ്രവിശ്യയിലെ ക്വിങ്ങ്ഷുയി (Quingshui) എന്ന യോഗിയുടെ മനോഹരമായ ഒരു പ്രതിമയും അവിടെ കാണാം. ഇടതൂർന്ന വനത്തിനിടയിൽ ചുവന്ന ചുവരുകളോടു കൂടിയതാണ് ആ അമ്പലം. അതിന്റെ മുകളിൽ കയറാൻ സ്പൈറൽ കോണിയാണുള്ളത്. എഴുപതിൽ എത്തിയ ഞാനും, ഹനീഫും, കുട്ടികളെ പോലെ ഇടക്കിടക്ക് കിതച്ച് നിന്നും കോണിപ്പടികൾ ഓടിക്കയറി. അമ്പലത്തിന്റെ മുകളിൽ നിന്നും താഴേക്കു നോക്കിയാൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ കാണാം. കോട പുതച്ച് ആ കാട് നീണ്ടു നിവർന്നു കിടക്കുന്നത് കാണാൻ നല്ല രസമാണ്. ഇവിടുത്തെ ചലിക്കുന്ന വെളുത്ത മേഘങ്ങളും, ഇളം തണുത്ത കാറ്റും, സമാധാനം കാംക്ഷിച്ച് വരുന്ന ഒരാൾക്ക് അനുഭവിക്കാൻ കഴിയുന്നത്ര ശാന്തതയാണിവിടെ.
തിരിച്ച് മലയിടുക്കിലൂടെ നടന്ന് വീണ്ടും എസ്കലേറ്ററുകൾ കേറി, ജെൻ്റിൽ ഹൈ ലാൻ്റസിലേക്ക് പോകാൻ വീണ്ടു കേബിൾ കാർ സ്റ്റേഷനിലേക്ക് പോയി.
നരകത്തിലെ പത്ത് അറകളുടെ ശിൽപ്പങ്ങളാണ് ചിൻ സീ ഗുഹാക്ഷേത്രത്തിൻ്റെ മറ്റൊരു രസകരമായ സവിശേഷത. മലയിടുക്ക് കയറുമ്പോൾ പരലോക വിചാരണയുടെ ഭാഗമായ മരിച്ച ആത്മാവിൻ്റെ റെജിസ്ട്രേഷൻ മുതൽ വിചാരണയുടെ പല ഘട്ടങ്ങൾ സൂചിപ്പിക്കുന്ന ശിൽപ്പങ്ങളുടെ പ്രദർശനം വഴിയരുകിൽ കണ്ടത് കൗതുകമായി.
കൂടുതൽ പ്രതീക്ഷകളുമായി അവസാനത്തെ സ്റ്റോപ്പിലേക്ക് കേബിൾ കാറിൽ കയറി. ആളും ബഹളവും ഇല്ലാത്ത ചൈനീസ് അമ്പലത്തിനു പകരം കസീനോകളും, മാളുകളും, ഹോട്ടലുകളും അടങ്ങുന്ന വലിയ ലോകമാണ് ഞങ്ങളെ വരവേറ്റത്. 6 ഹോട്ടലുകളും ഒരു റിസോർട്ടും ഉള്ള വൻ കെട്ടിട സമുച്ചയമാണത്. ലോകത്തിലെ ഏറ്റവും വലിയ കാസിനോയും(ചൂതാട്ട കേന്ദ്രം) ഇവിടെയാണ്. പ്രാർത്ഥന സമയം ആയപ്പോൾ ഗൈഡ് മാല മറ്റുള്ളവരെ ലഞ്ചിന് ബുക്ക് ചെയ്ത സ്ഥലത്ത് കൊണ്ടാക്കി, ഞങ്ങളെ prayer roomൻ്റെ അടുത്ത് എത്തിച്ചു. നമസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു സൗദി അറബി മുറി ഇംഗ്ലീഷിൽ എന്തോ ചോദിക്കുന്നത് കേട്ടപ്പോൾ ഞാൻ ചെന്ന് അയാളോട് അറബിയിൽ കാര്യം തിരക്കിയപ്പോൾ ആയാൾക്ക് സന്തോഷമായി ഒപ്പം എനിക്കും, കുറേ നാളായി ഉപയോഗിക്കാതിരുന്ന അറബി സംസാരം ഉപയോഗിക്കാൻ പറ്റിയതിൽ.
ലഞ്ച് കഴിച്ച് കാസിനോവിലും, മാളുകളിലും അലഞ്ഞ് തിരിഞ്ഞ് ഏകദേശം 4.30 ഓടെ തിരിച്ചു കേബിൾ കാർ കയറി അവാന സ്കൈ വേ സ്റ്റേഷനിൽ തിരിച്ചെത്തി. ബസ്സ് ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു. അടുത്ത ലക്ഷ്യം ബാത്തു ഗുഹകൾ ആണെന്ന് ഗൈഡ് പറഞ്ഞു, അതിനെ കുറിച്ചുള്ള ഒരു ചെറു വിവരണവും ഞങ്ങൾക്ക് തന്നു.
മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതിചെയ്യുന്ന നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ഗുഹകളാണ് ബാത്തു ഗുഹകൾ. 1890-ൽ കെ.തമ്പുസാമി പിള്ള എന്ന ഇന്ത്യൻ തമിഴ് വ്യാപാരി മുരുകൻ്റെ പ്രതിമ സ്ഥാപിക്കുകയും ഗുഹ ആരാധനാലയമായി സമർപ്പിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാ വർഷവും, ജനുവരി/ഫെബ്രുവരി മാസങ്ങളിൽ, ക്ഷേത്ര ഗുഹ തൈപ്പൂയ ഉത്സവത്തിനുള്ള വേദിയായി മാറി. ഇവിടെയുള്ള സ്വർണ്ണ വർണ്ണത്തിലുള്ള മുരുകൻ പ്രതിമക്ക് 140 അടി ഉയരമുണ്ട്. ഈ പ്രദേശത്തെ മറ്റെല്ലാ ഗുഹാക്ഷേത്രങ്ങളിലും ഏറ്റവും വലുതാണ് ക്ഷേത്ര ഗുഹ. 272 കോൺക്രീറ്റ് പടികൾ കയറി വേണം ഒരാൾക്ക് നിരവധി ഹൈന്ദവ ആരാധനാലയങ്ങൾ ഉള്ള പവിത്രമായ ക്ഷേത്ര ഗുഹയിൽ എത്താൻ. കുത്തനെയുള്ള കയറ്റം കേറാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഗുഹയിൽ കയറാതെ മാറി നിന്നെങ്കിലും ഞങ്ങൾ, ഞാനും ഹനീഫും, കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും കയറി. ആ ഗുഹയുടെ വാസ്തുവിദ്യാ വിസമയം എത്ര ഫോട്ടൊ എടുത്താലും, വർണിച്ചാലും മനസ്സിലാകില്ല, നേരിൽ കാണാതെ. അതിൽ കയറാതെ പോയവർക്ക് ഒരു വലിയ നഷ്ടമായി ഈ കാഴ്ച. ഏറ്റവും മുകളിൽ നിന്ന് നോക്കിയാൽ കുലാലംപൂർ പട്ടണത്തിൻ്റെ നല്ല ഒരു വിഹഗവീഷണം കിട്ടും. കുരങ്ങുകളുടെ ശല്യം കൂടുലാണിവിടെ. എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ തട്ടിപ്പറിക്കും, കിട്ടിയില്ലെങ്കിൽ നമ്മെ ആക്രമിക്കും. ഗൈഡ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഞങ്ങൾ സൂഷ്മതയിൽ ആയിരുന്നു. അവിടെ നിന്ന് താഴെ വന്ന് തട്ടു കടയിൽ നിന്ന് ഒരോ ചായ കുടിച്ച് ഇരുന്നപ്പോൾ അടുത്ത സ്ഥലമായ പെട്രോണ ട്വിൻ ടവറിലേക്ക് പോകാനുള്ള വിളി വന്നു. ഞങ്ങൾ ബസ്സിൽ കയറിയിരുന്നു.
ബസ്സ് പുറപ്പെട്ട ഉടനെ മാല ഒരു Welcome back പറഞ്ഞ് PETRONASനെ കുറിച്ച് പറയാൻ തുടങ്ങി. രാത്രി ആയി തുടങ്ങി. ഇനി അവിടെ ചെന്നാൽ ഫോട്ടൊ എടുക്കാൻ വെളിച്ചം ഉണ്ടാകുമോ എന്ന ആശങ്കയിൽ ആയി ഞങ്ങൾ. എന്നാൽ അവിടെ ചെന്നപ്പോഴല്ലെ നല്ല ഉദിച്ചുയർന്ന സൂര്യനെ പോലെ പെട്രോണാസ് തിളങ്ങി നിൽക്കുന്നു. ഏതോ ഒരു ട്രാവലോഗ് വീഡിയോയിൽ പറഞ്ഞ മാതിരി സ്റ്റീൽ പാത്രം അട്ടിയട്ടിയായി വെച്ചിരിക്കുന്ന പോലെയുണ്ട് ഈ ട്വിൻ ടവർ. നല്ല തിരക്കായിരുന്നു.
മലേഷ്യയിലെ ക്വാലലംമ്പൂരിൽ സ്ഥിതിചെയ്യുന്ന ഇരട്ട കെട്ടിടങ്ങളാണ് പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ. തായ്‌പെയ് 101 ഇതിനെ മറികടക്കുന്നതിന് മുൻപ് ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. പക്ഷേ ഇപ്പോഴും ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഓഫീസ് സമുച്ചയവും. രണ്ട് ഉയർന്ന കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സ്കൈ ബ്രിഡ്ജ് ഉണ്ട്, ഇത് ഫോട്ടോകൾ എടുക്കാൻ പറ്റിയ സ്ഥലമാണ്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. എന്നാൽ ഞങ്ങളുടെ itineraryയിൽ അത് ഇല്ലാഞ്ഞതിനാൽ ആ ഒരനുഭവം ഞങ്ങൾക്ക് നഷ്ടപ്പെട്ടു.
മലേഷ്യയിലെ ഓയിൽ ആൻഡ് ഗ്യാസ് പവർ കമ്പനിയായ പെട്രോനാസിൻ്റെ ആസ്ഥാനം, മലേഷ്യയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് മാളുകളിൽ ഒന്നായ സൂറിയ കെഎൽസിസിയുടെ ആസ്ഥാനവുമാണ് 88 നിലകളുള്ള ഇരട്ട ടവറുകൾ. അക്വേറിയ KLCC, മലേഷ്യയിലെ ഏറ്റവും മികച്ച ഓഷ്യനേറിയം; കോലാലംപൂരിൻ്റെ ആരോഗ്യത്തിനായുള്ള ഒരു നഗര ക്യൂറേറ്റഡ് ഗ്രീൻ-ലംഗ് പ്രോജക്റ്റായ KLCC പാർക്കും, സിംഫണി ലേക്കും ഇതിൻ്റെ മറ്റ് ആകർഷണീയതയിൽ പെട്ടതാണ്. ഞങ്ങൾ പല പോസിൽ ഫോട്ടൊ എടുത്ത് കൊണ്ടിരിക്കുമ്പോൾ സിംഫണി ലേക്ക് ആരംഭിച്ചു, വിവിധ വർണങ്ങളിൽ പാട്ടിനൊപ്പം ഫൗണ്ടൻ ഡാൻസ് ചെയ്യുന്ന മനോഹരമായ കാഴ്ച. എന്നാൽ ഇത് മൈസൂർ വൃന്ദാവനിലെ ഫൗണ്ടൻ ഡാൻസിൻ്റെ ഏഴയലത്ത് വരില്ല.
കുറേ സ്ഥലങ്ങൾ കണ്ട ഒരു ദീർഘയാത്രയായിരുന്നെങ്കിലും തീരെ മടുപ്പ് തോന്നിയില്ല. ഡെൽഹി ഡർബാറിൽ നിന്ന് രുചികരമായ ഒരു ഡിന്നർ കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി. തിരിച്ചു പോരുമ്പോഴും എന്റെ മനസ്സ് ആ കേബിൾ കാറിലും, അത് വഴി മലേഷ്യ സംരക്ഷിച്ച കന്യാവനങ്ങളിലുമായിരുന്നു. ഒരുപിടി നല്ല ഓർമകളുമായി അന്നത്തെ യാത്ര അവസാനിപ്പിച്ചു ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി.
പിറ്റേ ദിവസം എന്നത്തേയും പോലെ ഞങ്ങൾ 8 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മുറിയിൽ കാത്തിരുന്നു. 9.20ന് അന്നത്തെ യാത്രക്ക് വേണ്ടി ഞങ്ങൾ ഹോട്ടൽ ലോബിയിൽ എത്തി. വെറുതെ ഹോട്ടലിൻ്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കണ്ണൂർ നിന്ന് വന്ന റാഷിദ് പറഞ്ഞറിഞ്ഞു അവിടെയുള്ള സൂപ്പർ മാർക്കറ്റ് നടത്തുന്നത് ഒരു ചാവക്കാട്ട്കാരൻ ആണെന്ന്. ഞങ്ങൾ അവിടെ പോയി പരിചയപ്പെട്ടു, നാട്ടിലേക്ക് കൊണ്ടു പോകാൻ കുറച്ച് സാധനങ്ങളും വാങ്ങി.
കൃത്യം 9.40 ന് വണ്ടിയും ഗൈഡ് മാലയുമെത്തി 9.45 ന് ഞങ്ങൾ നീങ്ങി. പോകുന്ന സ്ഥലങ്ങളുടെ ഒരു ബ്രീഫ് മാല തന്നു. മാർട്ടിയേഴ്സ് സ്ക്വയർ, പാലസ്, ചെറിയ ഷോപ്പിങ്ങ്, സലോമ ബ്രിഡ്ജ്, പെട്രോണാസ് പകൽ കാഴ്ച, KLCC Tower, Independence square, KLCC Aquarium ഇതൊക്കെയാണ് മൂന്നാമത്തെ ദിവസത്തെ പരിപാടി.
വണ്ടി ആദ്യം Martyrs square ലേക്കാണ് പോയത്. അവിടെയുള്ള ഫലകത്തിൽ സ്വാതന്ത സമരത്തിൽ പങ്കെടുത്ത രക്ത സാക്ഷികളുടെ പേരുകളിൽ നിന്ന് കമ്യൂണിസ്റ്റ്കാരെ ഒഴിവാക്കി എന്നതിനാൽ ഗൈഡ് മാലക്ക് ഈ സ്ഥലം അത്ര പ്രിയമല്ല. 1957 ഓഗസ്റ്റ് 31 അർദ്ധരാത്രിയിൽ ആദ്യമായി യൂണിയൻ പതാക താഴ്ത്തുകയും മലയൻ പതാക ഉയർത്തുകയും ചെയ്ത ചരിത്രപരമായ സ്ഥലമാണിത്. നല്ല ഫൗണ്ടനോട് കൂടി ഗാർഡനും, ശിൽപങ്ങളും ഈ ചത്വരത്തിൻ്റെ മാറ്റ് കൂട്ടുന്നു. മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി പൂവ് ഇവിടെ ധാരാളം ഉണ്ട്.
ഞങ്ങൾ സുൽത്താൻ പാലസ് കാണാൻ നീങ്ങി.മെർദേക്ക സ്ക്വയറിൽ നിന്ന് നിങ്ങൾക്ക് ഈ മനോഹരമായ ഇൻഡോ-സാർസെനിക് കൊട്ടാരം കാണാം. ഈ കെട്ടിടത്തിനുള്ളിൽ 2 മന്ത്രാലയങ്ങളുണ്ട്, അതിനാൽ അകത്തേക്ക് പ്രവേശനമില്ല. പുറമെ നിന്ന് കാണാൻ നല്ല ഭംഗിയാണ്. അവിടെ നിൽക്കുന്ന ഗാർഡുമായി ഞങ്ങൾ ഫോട്ടൊ എടുത്തു.
അവിടെ നിന്ന് ഞങ്ങൾ, പെട്രോനാസ് ഇരട്ട ഗോപുരങ്ങളുടെ അടുത്തുള്ള സലോമ ബ്രിഡ്ജ് കാണാൻ പോയി. 69 മീറ്റർ നീളമുള്ള ഈ പാലം ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു, രാത്രിയിൽ കളർ മാറി മാറി വരുന്നതിനാൽ കാണാൻ നല്ല രസമാണെന്ന് പറഞ്ഞു. ഞങ്ങൾ പകലാണ് പോയതെങ്കിലും നല്ല ഭംഗിയുണ്ട് കാണാൻ. അതിൻ്റെ താഴെ ഒരു ഖബറിസ്ഥാൻ ഉണ്ട്. ഈ പാലം ശരിക്കും ഹൈെവേയുടെ മുകളിൽ ഉള്ള നടപ്പാലം ആണ്. അവിടെ നിന്ന് നടന്ന് PETRONAS പകൽ വെളിച്ചത്തിൽ കണ്ട് കുറച്ച് ഫോട്ടൊ എടുത്ത് ഷോപ്പിങ്ങിനായി പോയി . ആദ്യം ഒരു കണ്ണട ഷോപ്പിലും, പിന്നെ വാച്ച് ഷോറൂമിലും ആണ് കയറിയത്. ഞങ്ങൾക്ക് ആർക്കും വലിയ താല്പര്യമില്ലായിരുന്നു എങ്കിലും, ഗൈഡിൻ്റെ ഒരു നിർബന്ധം കൊണ്ട് കയറി, ആരും ഒന്നും വാങ്ങിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. ലഞ്ച് സമയമായതിനാൽ നേരെ റെസ്റ്റോറൻ്റിലേക്ക് വിട്ടു വണ്ടി.
ലഞ്ചിന് ശേഷം ഞങ്ങൾ Harriston Boutique എന്ന മിഠായി ഫാക്ടറിയിലേക്കാണ് പോയത്. മലേഷ്യയിലെ ഏറ്റവും വലിയ മിഠായി manufacturersഉം ആറ് വലിയ റിട്ടെയിൽ ഓട്ട് ലെറ്റും ഉള്ള ഇവർ വിവിധ തരത്തിലുള്ള മിഠായികൾ ഉണ്ടാക്കുന്നു. നമ്മൾക്ക് ഇവിടെ ഒരു വിലയുമില്ലാത്ത കൊക്കൊ സംസ്കരിച്ച് ഉപയോഗിക്കുന്നതിൻ്റെ ഒരു picture exhibition അവരുടെ outletൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ആരും കാര്യമായ പർച്ചേസ് ഒന്നും നടത്തിയില്ല.
ഞങ്ങളുടെ അടുത്ത ലക്ഷ്യം KLCC Tower ആയിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിലുള്ള 6 നിലകളുള്ള 421 മീറ്റർ ഉയരമുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറാണ് ക്വാലാലംപൂർ ടവർ. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ ടവറാണിത്. 421 മീറ്ററായി ഉയരം കൂട്ടുന്ന ആന്റിനയാണ് ഇതിന്റെ സവിശേഷത. പോഡിന്റെ മേൽക്കൂര 335 മീറ്ററാണ്. ആത്യന്തികമായി ഇത് ടെലികമ്മ്യൂണിക്കേഷനും പ്രക്ഷേപണത്തിനുമുള്ള അത്യാധുനിക കേന്ദ്രമാണെങ്കിലും, ചില്ലറ വിൽപ്പന, വിനോദ കേന്ദ്രങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഞങ്ങളുടെ ടവർ സന്ദർശനത്തിൻ്റെ ഉദ്ദേശം അതിൻ്റ മുകളിലുള്ള വ്യൂ പോയിന്റിൽ നിന്ന് കൂലാലംബൂർ വീക്ഷിക്കുകയും, സാധിക്കുമെങ്കിൽ മനോഹരമായ സൂര്യസ്തമനം കാണാം എന്നതുമായിരുന്നു. ഗൈഡ് നേരത്തെ എടുത്ത് വെച്ചിരുന്ന ടിക്കറ്റുകൾ സ്കാൻ ചെയ്ത് ഞങ്ങൾ ഉള്ളിൽ കേറി. ലിഫ്റ്റ് വഴിയാണ് മുകളിലേക്ക് പോയത്. മുകളിലേക്ക് പോകും തോറും ചെവി അടയുന്നത് പോലെ തോന്നി.
KL ടവർ ഒബ്സർവേഷൻ ഡെക്ക് 276 മീറ്റർ ഉയരത്തിലാണ്. ഈ ഇൻഡോർ, എയർകണ്ടീഷൻ ചെയ്ത ഡെക്കിൽ ബൈനോക്കുലർ സ്റ്റാൻഡുകൾ എന്നിവയുണ്ട്. അതിൽ ഒരു വട്ടം ചുറ്റി വന്നാൽ പട്ടണത്തിൻ്റെ പൂർണ്ണ വീക്ഷണം കിട്ടും, പെട്രോണാസ് ടവർ എല്ലാം വളരെ ചെറുതായി ആണ് കാണുന്നത്. ബൈനോക്കുലർ വഴി നോക്കിയാൽ താഴെ റോഡും വണ്ടികളും വളരെ വ്യക്തമായി കാണാം. ആകാശം മേഘാവൃതമായതിനാൽ സൂര്യാസ്തമയം കാണാൻ സാധിച്ചില്ല. അവിടെ നിന്ന് താഴെക്കിറങ്ങി പുറത്ത് വന്നപ്പോൾ ലൈറ്റ് ഷോ തുടങ്ങി. ആ ടവർ പല വർണത്തിൽ തിളങ്ങുന്നത് കാണാൻ നല്ല രസമായിരുന്നു.
അവിടെ നിന്ന് ഇൻഡിപെൻ്റൻസ് സ്ക്വയറിൽ പോയി കുറച്ച് നേരം ഇരുന്നതിന് ശേഷം ഡിന്നർ കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി. നാളെ രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു് ഇറങ്ങേണ്ടതിനാൽ പായ്ക്കിങ്ങും എല്ലാമായി കുറച്ച് തിരക്കായിരുന്നു.
മലേഷ്യയിലെ ഞങ്ങളുടെ നാലമത്തെ ദിവസം, 5/5/2024. പതിവ് പോലെ 8 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് റൂമിൽ വന്ന് രണ്ടാമതൊരു പരിശോധനകൂടി നടത്തി ഒന്നും ഹോട്ടൽ മുറിയിൽ മറന്നിട്ടില്ല എന്ന് ഉറപ്പിച്ച് 9.30ന് ലഗ്ഗേജ് എടുത്ത് താഴെ ലോബിയിൽ വന്നിരുന്നു. 9.40ന് ഗൈഡും ബസ്സും എത്തി. റൂം കീ റിസപ്ഷനിൽ ഏൽപ്പിച്ച്, നേരത്തെ പരിചയപ്പെട്ട ചാവക്കാട് മന്ദലാംകുന്ന്കാരൻ കടക്കാരനോട് യാത്ര പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി. ഗൈഡ് മാല അന്നേ ദിവസം കാണേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു ചെറു വിവരണം തന്നു. വൈകുന്നേരം അഞ്ച് മണിക്ക് മടക്കയാത്രക്കായി എയർപോർട്ടിൽ എത്തണം അതിനിടയിൽ ചൈനീസ് ടെംപിൾ, KLCC Aquarium, നാഷണൽ മസ്ജിദ്, പുത്രജയ എന്നിവ കണ്ട് എയർ പോർട്ടിലേക്ക് പോകാം എന്ന പരിപാടിയാണ് ഇട്ടത്.
ഇതിനിടയിൽ ഞങ്ങൾ നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ചൈനീസ് ടെംപിളിൻ്റെ അടുത്തെത്തി. കാണാൻ നല്ല ഭംഗിയുള്ള അമ്പലം. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ബുദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് തിയാൻ ഹൗ ക്ഷേത്രം, റോബ്‌സൺ ഹൈറ്റ്‌സിൻ്റെ മുകളിൽ ഇരിക്കുന്ന, സ്വർഗീയ രാജ്ഞിയായ തിയാൻ ഹൗവിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന, മനോഹരമായി അലങ്കരിച്ചിരിക്കുന്ന, ഈ ബഹുനില ചൈനീസ് ക്ഷേത്രം, ഒരു ആരാധനാലയമായും വിവാഹങ്ങൾ പോലുള്ള പരിപാടികൾക്കുള്ള പ്രവർത്തന ഇടമായും വർത്തിക്കുന്നു. ഞങ്ങൾ ചെന്ന ദിവസം രണ്ട്, മൂന്ന് വിവാഹങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടെ നടന്ന് കണ്ട് കുറച്ച് ഫോട്ടൊകൾ എടുത്തും ഞങ്ങൾ ലിറ്റിൽ ഇൻഡ്യ സ്ട്രീറ്റിലേക്ക് പോയി.
ബ്രിക്ക്ഫീൽഡിലെ "ലിറ്റിൽ ഇന്ത്യ" ക്വാലാലംപൂരിലെ സിറ്റി സെൻ്ററിന് പുറത്ത് സ്ഥിതിചെയ്യുന്ന ഒരു ഇടത്തരം പട്ടണമാണ്. ഇന്ത്യൻ ബിസിനസ്സുകളുടെയും താമസക്കാരുടെയും ആധിക്യം കാരണം ലിറ്റിൽ ഇന്ത്യ ഓഫ് ക്വാലാലംപൂരെന്നാണ് ബ്രിക്ക്ഫീൽഡിനെ അറിയപ്പെടുന്നത്. ഇവിടെയുള്ള ഇൻഡൃൻ കോഫി ഷോപ്പുകളിൽ ദോശ, ഇടലി, വട, പാൻകേക്കുകൾ മുതലായവ വാഴയിലയിൽ ആണ് വിളമ്പുന്നത്. ഇന്ത്യൻ ജ്വല്ലറികടകൾ, പച്ചക്കറി പലചരക്കു കടകൾ, പാനി പൂരി എല്ലാമായി ശരിക്കും മുംബൈ തെരുവുകളിലൂടെ നടക്കുന്ന ഒരു അനുഭവം കിട്ടും. ഇവിടെ നിന്ന് അക്വേറിയ KLCCയിലേക്ക് യാത്രയായി.
മലേഷ്യയിലെ ക്വാലാലംപൂർ സിറ്റി സെന്ററിനുള്ളിൽ KLCC Convention സെന്ററിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു ഓഷ്യനേറിയമാണ് അക്വേറിയ കെഎൽസിസി. 60,000 ചതുരശ്ര അടി വിസ്തീർണ്ണം, 90 മീറ്റർ അണ്ടർവാട്ടർ ടണൽ ഉള്ള ഇവിടെ 250-ലധികം വ്യത്യസ്‌ത ഇനങ്ങളും മലേഷ്യയിൽ നിന്നും ലോകമെമ്പാടുമുള്ള 5,000-ലധികം കര, ജലജീവികളും ഉണ്ട്. ഈ സന്ദർശനം വിജ്ഞാനപ്രദവും, കൗതുകകരവുമായിരുന്നു. രണ്ട് മണിക്കൂർ പോയതറിഞ്ഞില്ല.
അടുത്ത ലക്ഷ്യമായ നാഷണൽ മസ്ജിദിലേക്ക് തിരിച്ചു. ക്വാലാലംപൂരിലുള്ള ഒരു മുസ്ലീം പള്ളിയാണ് മലേഷ്യയിലെ നാഷണൽ മോസ്ക്ക്. 15,000 പേർക്ക് നമസ്കരിക്കാകുന്ന ഇത് 13 ഏക്കർ തോട്ടങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. 73 മീറ്റർ ഉയരമുള്ള മിനാരവും 16 പോയിന്റുള്ള നക്ഷത്ര കോൺക്രീറ്റുള്ള പ്രധാന മേൽക്കൂരയുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. നമസ്കാര സമയം അല്ലാഞ്ഞതിനാൽ രണ്ട് റക്കഅത്ത് സുന്നത് നമസ്കരിച്ച് ഞങ്ങൾ അവിടെ നിന്ന് മടങ്ങി. അതിൻ്റെ അടുത്ത് പള്ളിയുടെ ഭാഗമായി തോന്നിയ ഒരു കെട്ടിടം കണ്ടു. അന്വേഷണത്തിൽ അത് ബ്രിട്ടീഷ് ഭരണകാലത്തെ കുലാലംബൂർ റെയിൽവെ സ്റ്റേഷൻ ആയിരുന്നെന്ന് അറിഞ്ഞു.
ഞങ്ങൾ ലഞ്ച് കഴിക്കാൻ വീണ്ടും തിരൂർക്കാരുടെ "ദഅ് വ" റെസ്റ്റോറന്റിൽ എത്തി. അവിടെ നല്ല തിരക്കായിരുന്നു. ഒരു സ്ഥലത്ത് മാമോദീസ ആഘോഷവും, വേറൊരു സ്ഥലത്ത് വിവാഹ വാർഷിക ആഘോഷവുമായിരുന്നു. പഴയ പരിചയത്തിൻ്റെ പേരിൽ അവർ ഉടൻ തന്നെ സീറ്റ് എല്ലാം റെഡിയാക്കി തന്നു. ബുഫെ ആയിരുന്നു. നന്നായി ആസ്വദിച്ച് കഴിച്ച് അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ പുത്രജയയിലേക്ക് തിരിച്ചു.
എയർപോർട്ടിലേക്ക് പോകുന്ന വഴിയിലാണ് പുത്രജയ. ഇന്ന് കാലാവസ്ഥ കുറച്ച് ചൂടായി തോന്നി. പുത്രജയ ബ്രിഡ്ജിന്റെ മുൻപിൽ വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടൊ എടുത്ത് ഞങ്ങൾ പള്ളിയുടെ അടുത്തേക്ക് നീങ്ങി.
പഴയ റബ്ബർ, ഓയിൽ പാം തോട്ടങ്ങളിലാണ് പുത്രജയ എന്ന "പൂന്തോട്ട നഗരം" വികസിപ്പിച്ചെടുത്തത്. വിശാലവും വളഞ്ഞുപുളഞ്ഞതുമായ മനുഷ്യനിർമിത തടാകം, പാർക്കുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, തണ്ണീർത്തടങ്ങൾ എന്നിവയും ഇവിടെയുണ്ട്. പുത്ര സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനടുത്തുള്ള പുത്ര മസ്ജിദ് മനുഷ്യനിർമിത പുത്രജയ തടാകത്തോട് ചേർന്നാണ്. പ്രാർത്ഥന ഹാൾ, സാൻ അല്ലെങ്കിൽ നടുമുറ്റം, വിവിധ പഠന സൗകര്യങ്ങളും, പിങ്ക് താഴികക്കുടവുമുള്ള പുത്ര മസ്ജിദ്, റോസ്-ടൈൻഡ് ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 15,000 വിശ്വാസികളെ ഒരേ സമയം പള്ളിയിൽ ഉൾക്കൊള്ളാൻ കഴിയും. ഞങ്ങൾ ളുഹർ, അസർ അവിടെ നമസ്കരിച്ചു.
മലേഷ്യയിലെ പുത്രജയയിലെ പ്രധാന കുന്നിൻ മുകളിലെ ഒരു കെട്ടിടമാണ് പെർദാന പുത്ര എന്ന മലേഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയം. പുത്ര സ്ക്വയറിൽ നിന്ന് കുറച്ച് ഫോട്ടൊ എടുത്ത് ഞങ്ങൾ എയർപോർട്ടിലേക്ക് തിരിച്ചു.
പാം ഓയിലിൻ്റെ മികച്ച കയറ്റ്മതിക്കാർ ആണ് മലേഷ്യയെങ്കിലും, ഓയിൽ പാം കൃഷിയുടെ ഒരു തോട്ടം കണ്ടത് കുലാലംബൂർ എയർപോർട്ടിന് അടുത്തെത്തിയപ്പോഴാണ്!.
അഞ്ച് മണിക്ക് അവിടെ എത്തി. ഗൈഡിനോടും, അഞ്ച് ദിവസം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഡ്രൈവറോടും, ഞങ്ങളുടെ ടൂർ മാനേജർ ആയിരുന്ന, സുനീഷ്, ബിസിനസ്സ് ആവശ്യത്തിന് സിംഗപ്പൂരിൽ പോകുന്നതിനാൽ അദ്ദേഹം ഞങ്ങളോടൊപ്പം കൊച്ചിയിലേക്ക് പോരുന്നില്ല എന്നതിനാൽ, അദ്ദേഹത്തോടും യാത്ര പറഞ്ഞ് ഞങ്ങൾ എയർപോർട്ടിലേക്ക് കയറി. ഗൈഡ് മാലക്ക് പ്രത്യേക "Terima kasih"!
ഫ്ലൈറ്റ് അര മണിക്കൂർ ലേറ്റ് ആയിരുന്നു. കുലാലംപൂരിൽ നിന്ന് വാങ്ങിയ സാൻ്റ്വിച്ച് കഴിച്ച് ചെക്ക് ഇൻ കാത്തിരുന്നു. ഒരു ഫ്ലൈറ്റിന് പോയ ഞങ്ങളിൽ ചിലർ Air Asia യുടെ തന്നെ രണ്ടാമത്തെ ഫ്ലൈറ്റിന് ആണ് വരുന്നതെന്നതിനാൽ വീണ്ടും വേറൊരു യാത്രയിൽ കാണാം എന്ന യാത്രാമൊഴി ചൊല്ലി കുലാലംപൂരിൽ വെച്ച് തന്നെ ഞങ്ങൾ പിരിഞ്ഞു. IST 11.15 pm ഞങ്ങൾ, നല്ലൊരു യാത്രാനുഭവം അയവിറക്കി, കൊച്ചിയിൽ തിരിച്ചെത്തി.
ഓരോ യാത്രയും ഓരോ അനുഭവമാണ്. പ്രകൃതി നമുക്കായ് ഒരുക്കിയ രസക്കൂടുകൾ തേടാനുള്ള പ്രേരണയാണ് ഓരോ യാത്രയുടേയും ചാലക ശക്തി. ഇവിടെയാണ് UTS Holidays Tour Companyയുടേയു